ഇടുക്കി: നാടിനെ വിറപ്പിച്ച കാട്ടാനക്കൂട്ടങ്ങളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാട്ടിലേക്ക് തിരിച്ചയച്ച് വനംവകുപ്പ്. വന്യജീവി ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി കാട്ടാനക്കൂട്ടം നിരത്തിലിറങ്ങിയത്. തൊടുപുഴയ്ക്ക് സമീപത്ത് കലൂരിലാണ് സംഭവം. പുലർച്ചെ ആറരയോടെ കാട്ടാനക്കൂട്ടം കലൂരിലെ കൃഷിയിടത്തിൽ എത്തി. പ്രധാന റോഡുകളിലൂടെ തലങ്ങും വിലങ്ങും ഓടിയ ആനകൾ പ്രദേശത്ത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വനമേഖലയിൽ നിന്ന് അകലെയുള്ള പ്രദേശത്ത് കാട്ടാന എത്തിയതിൻ്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ.ഇതോടെ വനം വകുപ്പും ആശങ്കയിലായിരിക്കുകയാണ്. മുള്ളങ്ങാട് വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തിയതെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ നിരവധി ജനവാസ മേഖലകൾ പിന്നിട്ടായിരിക്കും ഇവർ കലൂരിൽ എത്തിയിട്ടുണ്ടാവുക. കാളിയാറിൽ നിന്നും ഒഴുകിയെത്തുന്ന കലൂർ പുഴ കടന്ന് പയ്യാവ് സഞ്ചരിച്ച് പിന്നീട് ആനകൾ കിടങ്ങൂലെത്തി. കിടങ്ങൂരിൽ ദീർഘനേരം തമ്പടിച്ച ആനകളെ പടക്കം പൊട്ടിച്ചും മറ്റും തുരത്താനായിരുന്നു വനം വകുപ്പിൻ്റെ ശ്രമം. സമീപത്തെങ്ങും വനമേഖലയില്ലാത്തത് ആനകളെ തുരത്തുന്നത് പ്രതിസന്ധിയിലാക്കി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനകളെ മുള്ളരിങ്ങാട്ട് വനമേഖലയിലേക്ക് തിരികെ അയച്ചു. പരിഭ്രാന്തി പരത്തിയ ആനകളെ തുരത്തിയതിൻ്റെ ആശ്വാസത്തിലാണ് കലൂരിലെ ആളുകൾ.