കോൺഗ്രസിന്റെ ചങ്ങാതി ദേവഗൗഡ

  • 5 years ago
1990കള്‍ ദേവഗൗഡയ്ക്ക് മികച്ച വര്‍ഷങ്ങളായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായതുമെല്ലാം ഇക്കാലത്താണ്. കര്‍ണാടകയിലെ ഹാസനില്‍ ജനിച്ച ദേവഗൗഡയുടെ പ്രവര്‍ത്തന മണ്ഡലവും ഇവിടെ തന്നെ. രാജ്യം പിന്നിട്ട പ്രതിസന്ധികളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ മതനിരപേക്ഷ നേതാവ് കൂടിയാണ് ദേവഗൗഡ.

ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ദേവഗൗഡ ഏറ്റവും ഒടുവില്‍ കര്‍ണടാകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ദേവഗൗഡയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മകന്‍ കുമാരസ്വാമിയെ കര്‍ണടാക മുഖ്യമന്ത്രി പദം ഏല്‍പ്പിച്ച് ദേശീയ തലത്തില്‍ ശ്രദ്ധയൂന്നാനാണ് ദേവഗൗഡയുടെ ശ്രമം.

വൊക്കാലിഗ സമുദായത്തില്‍പ്പെട്ട ശക്തനായ നേതാവാണ് ദേവഗൗഡ. ഈ സമുദായത്തിന്റെ പിന്തുണ തന്നെയാണ് ദേവഗൗഡയെയും മകന്‍ കുമാരസ്വാമിയെയും വളര്‍ത്തിയതും. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സിവില്‍ എന്‍ജിനിയറിങ് ബിരുദമെടുത്ത ശേഷം നാടിന്റെ ക്ഷേമം ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു. 1953ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഗൗഡ 1962 വരെ മാത്രമേ പാര്‍ട്ടിയില്‍ നിന്നുള്ളൂ. ഈ വര്‍ഷം ഹോളിനരസിപുര മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കര്‍ണാടക നിയമസഭയിലെത്തി. പിന്നീട് ആറ് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ വേളയില്‍ രൂപം കൊണ്ട കോണ്‍ഗ്രസ് (ഒ)യില്‍ പ്രവര്‍ത്തിച്ച കാലത്താണ് ദേവഗൗഡ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവായത്. അടിയന്തരാവസ്ഥാ കാലത്ത് ബാഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അംഗത്വം എടുത്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. രാമകൃഷ്ണ ഹെഗ്‌ഡെ നേതൃത്വം നല്‍കിയ കര്‍ണാടകയിലെ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ദേവഗൗഡ. 1994ല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷനായി. ഇതേ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ജനതാദള്‍ നടത്തിയത്. രാമനഗര മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ വഴിമാറിയതോടെ ദേശീയ തലത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സഹാചര്യമായി. കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാരാണ് പിന്നീട് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് പിന്തുണയിലായിരുന്നു ഭരണം. ഈ സര്‍ക്കാരിലാണ് പ്രധാനമന്ത്രിയായി ദേവഗൗഡ എത്തിയത്. ഒരു വര്‍ഷം തികയും മുമ്പ് താഴെയിറങ്ങി എന്നതും ചരിത്രം.

ജനതാ പാര്‍ട്ടിയും ചില പ്രാദേശിക പാര്‍ട്ടികളും ലയിച്ചാണ് ജനതാദള്‍ രൂപീകരിക്കപ്പെട്ടത്. മൂന്ന് പ്രധാനമന്ത്രിമാര്‍ ഈ പാര്‍ട്ടിയില്‍ നിന്നുണ്ടായി. 1989ല്‍ വിശ്വനാഥ് പ്രതാപ് സിങ് ആണ് ആദ്യം പ്രധാനമന്ത്രിയായത്. പിന്നീട് ദേവഗൗഡയും ശേഷം ഐകെ ഗുജ്രാളും പ്രധാനമന്ത്രിയായി. എന്നാല്‍ ചില നേതാക്കള്‍ ബിജെപിയുമായി സഹരിക്കാന്‍ തയ്യാറായതോടെ ജനതാദള്‍ വ്യത്യസ്ത ഘടകങ്ങളായി പിരിഞ്ഞു. ജനതാദള്‍ സെക്യുലറിന് നേതൃത്വം നല്‍കിയത് ദേവഗൗഡയായിരുന്നു. 1999ലെ പൊതുതിരഞ്ഞെടുപ്പില്‍ ഗൗഡ പരാജയപ്പെട്ടു. 2002ല്‍ നടന്ന കനകപുര ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ണാടകയില്‍ 2004ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലറിന് മികച്ച ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയാണ് മുഖ്യമന്ത്രിയായത്. 20 മാസത്തിന് ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ലഭിച്ചു. പാര്‍ട്ടിയിലെ ശക്തരായ നേതാക്കളായ സിദ്ധരാമയ്യയെയും സിഎം ഇബ്രാഹീമിനെയും ദേവഗൗഡ പുറത്താക്കി. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിദ്ധരാമയ്യ 2013ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി എന്നത് പിന്നീടുള്ള ചരിത്രം. 2008ല്‍ കര്‍ണാടക മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുമായി ദേവഗൗഡ തര്‍ക്കത്തിലേര്‍പ്പെട്ടത് വന്‍ വിവാദമായി. പിന്നീട് ഗൗഡ മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് ബിജെപിയാണ്. പിന്നെ കോണ്‍ഗ്രസും ശേഷം ജെഡിഎസും. ബിജെപിയെ അകറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടെങ്കിലും ഇപ്പോഴും മുഴച്ചുനില്‍ക്കുന്നു. ഏത് സമയവും വീഴാം എന്ന മട്ടിലാണ് സര്‍ക്കാര്‍. റിസോര്‍ട്ട് രാഷ്ട്രീയത്തിനും കര്‍ണാടക സാക്ഷ്യം വഹിച്ചു.
കാര്യങ്ങള്‍ മാറിമറയുന്ന വേളയില്‍ പ്രതിപക്ഷ സഖ്യത്തിന് ശക്തി പകരാനുള്ള നീക്കത്തിലാണ് ഗൗഡ. കോണ്‍ഗ്രസിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിചേരണമെന്ന അഭിപ്രായം അദ്ദേഹം അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. പ്രിയങ്കയേക്കാള്‍ മെച്ചം രാഹുലാണെന്നും അദ്ദേഹം പറയുന്നു. ഇത്തവണ ഹാസനില്‍ നിന്നു തന്നെ ദേവ ഗൗഡ ജനവിധി തേടും. ദേവഗൗഡക്കെതിരെ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് സ്വാഗതം ചെയ്തിരിക്കുകയാണ് ദേവഗൗഡ.