ഇടുക്കി: കൊളുക്കുമല ടൂറിസം മേഖലയ്ക്ക് സമീപത്തെ തമിഴ്‌നാട് അധീന മേഖലയില്‍ കടുവയെ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ടുറിസം ജീവനക്കാരനായ റിയാസ് കൊളുക്കുമലയിൽ കടുവയെ കണ്ടത്. ജോലി സമയം കഴിഞ്ഞു സുഹൃത്തുക്കൾക്ക് ഒപ്പം കൊളുക്കുമലയിൽ എത്തി ഇവിടെ നിന്നും തമിഴ്‌നാട് അതിർത്തി പ്രദേശത്തെ പുൽമേട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കടുവയെ കണ്ടത് എന്ന് റിയാസ് പറഞ്ഞു. മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു കടുവ. ഫോണിൽ ചിത്രം പകർത്തിയ ശേഷം പെട്ടന്ന് തന്നെ പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിയാസ് പറഞ്ഞു. റിയാസ് പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കൊളുക്കുമലയിലെ കടുവയുടെ സാനിധ്യം പുറംലോകം അറിയുന്നത്. സഞ്ചാരികൾ എത്തുന്ന മേഖലയിൽ നിന്നും ദൂരെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെ വനം വകുപ്പ് പ്രദേശത്ത് എത്തി നിരീക്ഷണം നടത്തി. കേരള തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിലാണ് കടുവയെ കണ്ടതെന്ന് ദേവികുളം റേഞ്ച് ഓഫിസർ അഖിൽ ബാബു പറഞ്ഞു. ഈ മേഖലയിൽ കടുവയുടെ സാനിധ്യം പതിവാണെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കടുവയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ടൂറിസം മേഖലയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.Also Read:പരിഭ്രാന്തി പരത്തിയ മണിക്കൂറുകള്‍, ഒടുവിൽ കാടുകയറ്റം; കാട്ടാനക്കൂട്ടം എങ്ങനെ എത്തി എന്ന അമ്പരപ്പിൽ നാട്ടുകാർ