കെ എം മാണി കഴിഞ്ഞാൽ ജോസ് കെ മാണി

  • 5 years ago
കേരള കോണ്‍ഗ്രസ് എം എന്ന് പറഞ്ഞാല്‍ കെഎം മാണി ആണ്. കെഎം മാണി കഴിഞ്ഞാലോ... ഉത്തരം ജോസ് കെ മാണി എന്നായിരിക്കും.

പാര്‍ട്ടി പദവികളുടെ കാര്യത്തില്‍ പക്ഷേ, അങ്ങനെയല്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലയനത്തെ തുടര്‍ന്ന് കെഎം മാണി പാര്‍ട്ടി ചെയര്‍മാനും പിജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും ആയി. സിഎഫ് തോമസ് ആണ് ഡെപ്യൂട്ടി ചെയര്‍മാന്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാണിക്ക് ശേഷം ജോസ് കെ മാണി എന്നത് തന്നെയാണ് ഇപ്പോഴും കേരള കോണ്‍ഗ്രസ്സിലെ സമവാക്യം. ഏറ്റവും ഒടുവില്‍ രാജ്യസഭ സീറ്റിന്റെ കാര്യത്തിലും വ്യക്തമായത് അത് തന്നെയാണ്.

എംബിഎ ബിരുദ ധാരിയാണ് ജോസ് കെ മാണി. കോയമ്പത്തൂര്‍ പിഎസ്ജി കോളേജിലും ചെന്നൈയിലെ പ്രസിദ്ധമായ ലയോള കോളേജിലും ആയിട്ടായിരുന്നു വിദ്യാഭ്യാസം. അതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന വിഭാഗം ആയ യൂത്ത് ഫ്രണ്ടിന്റെ നേതാവായിട്ടായിരുന്നു തുടക്കം. പിന്നീട് 2007 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായി.

കെഎം മാണിയുടേത് പോലെ ഒരു അപരാജിത തിരഞ്ഞെടുപ്പ് ചരിത്രമല്ല പക്ഷേ, ജോസ് കെ മാണിയ്ക്കുള്ളത്. ആദ്യമായി മത്സരിച്ചത് 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച പിസി തോമസ് ആയിരുന്നു വിജയിച്ചത്. എന്നാല്‍ 2009 ല്‍ ജോസ് കെ മാണി കളം മാറ്റി ചവിട്ടി. ഇത്തവണ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ ആയിരുന്നു മത്സരിച്ചത്. സിപിഎമ്മിന്റെ സിറ്റിങ് എംപി ആയിരുന്ന സുരേഷ് കുറുപ്പായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എഴുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു ജോസ് കെ മാണി അന്ന് വിജയിച്ചത്.

2014 ലെ തിരഞ്ഞെടുപ്പിലും ജോസ് കെ മാണി തന്നെ ആയിരുന്നു കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎം മാണിയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന കാലം ആയിരുന്നു അത്. എന്നിട്ടും ജോസ് കെ മാണി വിജയിച്ചു. അതും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ജെഡിഎസ് നേതാവ് മാത്യു ടി തോമസ് ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി.

2018 ല്‍ കേരളത്തില്‍ നിന്ന് രാജ്യസഭ എംപിയായും ജോസ് കെ മാണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് വിട്ട് പോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസ് നല്‍കിയ സമ്മാനം ആയിരുന്നു ആ രാജ്യസഭ സീറ്റ്. ഇത് മുന്നണിയിലും കേരള കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ്സിലും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ലോക്‌സഭാംഗമായിരുന്ന ജോസ് കെ മാണിയെ രാജിവപ്പിച്ച് രാജ്യസഭയിലേക്കയച്ചത് കേരള കോണ്‍ഗ്രസ്സ് എമ്മിലെ കുടുംബ വാഴ്ചയുടെ തെളിവാണെന്നും ആരോപണം ഉയര്‍ന്നു. എന്തായാലും തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് ജോസ് കെ മാണി രാജിവച്ചത് കോട്ടയത്തെ ജനങ്ങളില്‍ ചെറുതല്ലാത്ത അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഉറപ്പാണ്.

ലോക്‌സഭാംഗം ആയിരിക്കെ ഗതാഗതരം, ടൂറിസം, സംസ്‌കാരം എന്നിവയുടെ ലോക്‌സഭ സമിതിയില്‍ അംഗമായിരുന്നു ജോസ് കെ മാണി. നിലവില്‍ സെന്റര്‍ ഫോര്‍ റിഫോം ആന്റ് റിസര്‍ച്ചിന്റെ ചെയര്‍മാനും വികാസ് സേനയുടെ പ്രസിഡന്റും ആണ് ജോസ് കെ മാണി.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ മറ്റ് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കും എന്നൊക്കെ ആയിരുന്നു അന്നത്തെ വാര്‍ത്തകള്‍. എന്തായാലും അതൊന്നും അന്ന് സംഭവിച്ചില്ല.

ഇതിനിടെ ജോസ് കെ മാണി സോളാര്‍ വിവാദത്തിലും പെട്ടിരുന്നു. ജോസ് കെ മാണി ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി സരിത എസ് നായര്‍ ആയിരുന്നു രംഗത്ത് വന്നത്. എന്തായാലും പിന്നീട് ആ ആരോപണവും അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്ന കാഴ്ചയാണ് കണ്ടത്.

Recommended