പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 15ന് മോദിയെത്തും

  • 5 years ago
ടൂറിസം മന്ത്രാലയം 100 കോടി രൂപ ചെലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന

പത്ഭനാഭ സ്വാമി ക്ഷേത്രത്തില്‍ ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
ടൂറിസം മന്ത്രാലയം 100 കോടി രൂപ ചെലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ആശ്രാമം മൈതാനം വേദിയാകുമെന്നാണ് സൂചന. ആശ്രാമം ഗസ്റ്റ് ഹൗസ് മൈതാനവും പരിഗണനിയിലുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പി.ജി സംഘം ഇന്ന് രണ്ട് കേന്ദ്രങ്ങളും പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.എസ്‌പി.ജി സംഘത്തിന് മുന്നില്‍ വേദി സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാനായി ഉന്നതതല ഉദ്യോഗസ്ഥ സംഘം ഇന്നലെ ബൈപ്പാസ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളിലും ആശ്രാമത്തും പരിശോധന നടത്തി.കാവനാട് ആല്‍ത്തറമൂട്, കല്ലുംതാഴം, അയത്തില്‍, മേവറം തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
എന്നാൽ ഈ സ്ഥലങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനാവശ്യമായ സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രി, കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ.മധു, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡോ.എസ്. സിനി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബൈപ്പാസിന്റെ 99 ശതമാനം പണികളും പൂര്‍ത്തിയായെന്നും ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമെന്നും സ്ഥല പരിശോധനയ്ക്ക് ശേഷം ദേശീയപാത വിഭാഗം മേഖലാ ഓഫീസര്‍ വി.വി. ശാസ്ത്രി പറഞ്ഞു. പാലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിക്കായി നഗരസഭ ഇതുവരെ കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം.
ഒഡീഷയില്‍ നിന്നാണ് ബൈപ്പാസ് ഉദ്ഘാടനത്തിനും ബിജെപി റാലിയില്‍ പങ്കെടുക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തേക്കെത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം അവിടെ നിന്ന് ഹെലികോപ്ടറിലാണ് കൊല്ലം ആശ്രാമം മൈതാനത്തെത്തുക.